This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോണിന്‍ എ.ജെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോണിന്‍ എ.ജെ

Cronin A.J. (1896 -1981)

എ.ജെ ക്രോണിന്‍

സ്കോട്ടിഷ് നോവലിസ്റ്റ്. ആര്‍ച്ചിബാള്‍ഡ് ജോസഫ് ക്രോണിന്‍ എന്നാണ് പൂര്‍ണനാമധേയം. 1896 ജൂല. 19-ന് ഡംബര്‍ട്ടണ്‍ഷയറിലെ കാര്‍ഡ്രോസില്‍ ജനിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് നേവിയില്‍ സേവനമനുഷ്ഠിച്ചു. ഗ്ലാസ്ഗോ സര്‍വകലാശാലയില്‍നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി (1919) ലണ്ടനില്‍ സ്വകാര്യപ്രാക്ടീസ് ചെയ്യുമ്പോഴാണ് ക്രോണിന്‍ സാഹിത്യരംഗത്തേക്കു തിരിഞ്ഞത്.

പ്രഥമ സംരംഭത്തില്‍ അതൃപ്തിതോന്നി ഉപേക്ഷിച്ച കൈയെഴുത്തുപ്രതി കാണാനിടയായ ഒരഭ്യുദയകാംക്ഷി ഗ്രന്ഥകാരന്റെ സമ്മതത്തോടെ അതു പ്രസിദ്ധീകരിക്കാന്‍ സാഹചര്യമൊരുക്കി. അതാണ് ക്രോണിന്റെ പ്രഥമ നോവലായ ഹാറ്റേഴ്സ് കാസില്‍ (1931). തുടര്‍ന്ന് വൈദ്യവൃത്തി ഉപേക്ഷിച്ച ക്രോണിന്‍ ശേഷിച്ച കാലമത്രയും നോവല്‍ രചനയില്‍ മുഴുകുകയാണുണ്ടായത്.

അഹന്തയും ധാര്‍ഷ്ട്യവും കൊണ്ട് ഒരു തൊപ്പിക്കച്ചവടക്കാരനുണ്ടാകുന്ന ദുര്യോഗമാണ് ഹാറ്റേഴ്സ് കാസില്‍ എന്ന നോവലിലെ പ്രതിപാദ്യം.

ത്രീ ലവ്സ് (1932) എന്ന രണ്ടാമത്തെ നോവലില്‍ ഭാര്യ, അമ്മ, ദൈവഭക്ത എന്നീ നിലകളില്‍ പരാജയമായിത്തീര്‍ന്ന ലൂസിമൂര്‍ എന്ന സ്ത്രീയുടെ ദുരന്തം ചിത്രീകരിക്കുന്നു. കാനറി ദ്വീപിലേക്കുള്ള ഒരു കപ്പല്‍യാത്രയില്‍ വീണുകിട്ടിയതാണ് ഗ്രാന്‍ഡ് കാനറി (1933) എന്ന നോവലിന്റെ പ്രമേയം. കപ്പലിലെ യാത്രക്കാരാണ് കഥാപാത്രങ്ങള്‍. ക്രോണിന്റെ ഉത്കൃഷ്ടമായ രചനകളിലൊന്നാണ് ദ് സ്റ്റാഴ്സ് ലുക്ക് ഡൗണ്‍ (1935). ഒരു ഖനി അപകടത്തെ കേന്ദ്രീകരിച്ചുകൊണ്ട് വടക്കന്‍ ഇംഗ്ലണ്ടിലെ ഖനിത്തൊഴിലാളി സമൂഹത്തിന്റെ 30 വര്‍ഷത്തെ യാതനാപൂര്‍ണമായ ജീവിതം ചിത്രീകരിക്കുന്നതാണ് ഈ നോവല്‍. ആത്മകഥാപരമായ ദ് സിറ്റഡല്‍ (1937) ക്രോണിന്റെ കീര്‍ത്തി വര്‍ധിപ്പിച്ചു. സ്കോട്ട്ലന്‍ഡുകാരനായ മാന്‍സണ്‍ എന്ന ഡോക്ടറുടെ മെഡിക്കല്‍ പ്രാക്ടീസുമായി ബന്ധപ്പെടുത്തി വൈദ്യശുശ്രൂഷാരംഗത്തെ അനാരോഗ്യകരമായ പ്രവണതകളെ നോവലിസ്റ്റ് ഇതില്‍ തുറന്നുകാട്ടുന്നു. എ സോങ് ഒഫ് സിക്സ്പെന്‍സ് (1964) എന്നൊരു നോവലും പില്ക്കാലത്തു രചിച്ചിട്ടുണ്ട്. ഒരു ജീവചരിത്രംപോലെ വായിച്ചുപോകുന്നതാണ് ദ് കീസ് ഒഫ് ദ് കിങ്ഡം (1941). വിക്ടോറിയന്‍ പാരമ്പര്യം പുലര്‍ത്തുന്ന രണ്ടു നോവലുകളാണ് ദ് ഗ്രീന്‍ ഇയേഴ്സ് (1944), അതിന്റെ തന്നെ തുടര്‍ച്ചയായ ഷാനന്‍സ്വേ (1948) എന്നിവ. ബ്രിട്ടീഷ് നീതിന്യായ സംവിധാനത്തെ വിമര്‍ശിക്കുന്ന ബിയോണ്ട് ദിസ് പ്ലേസ് (1953) ചിത്രരചനയ്ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഒരുവന്റെ കഥ പറയുന്ന എ ക്രൂസേഡേഴ്സ് റ്റൂം, പത്രപ്രവര്‍ത്തനരംഗത്തെക്കുറിച്ചുള്ള വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന ദ് നോര്‍ത്തേണ്‍ ലൈറ്റ് (1958) എന്നിവയും പ്രാധാന്യമര്‍ഹിക്കുന്നു. ദ് ജൂഡാസ് ട്രീ, ദ് മിന്‍സ്ട്രല്‍ ബോയ്, എ പോക്കറ്റ് ഫുള്‍ ഒഫ് റൈ, ലേഡി വിത്ത് കാര്‍ണേഷന്‍സ്, ഗ്രേസ് ലിന്‍സേ എന്നിവയാണ് മറ്റുനോവലുകള്‍. അഡ്വഞ്ചേഴ്സ് ഒഫ് എ ബ്ലാക്ക് ബാഗ്, ഡോക്ടര്‍ ഫിന്‍ലേ ഒഫ് ടാനോഷ്ബ്രേ എന്നീ കഥാസമാഹാരങ്ങളും 'ജൂപ്പിറ്റര്‍ ലാഫ്സ്' (1940) എന്നൊരു നാടകവും ഇദ്ദേഹത്തിന്റെ രചനകളില്‍പ്പെടുന്നു. ക്രോണിന്റെ ആത്മകഥയാണ് അഡ്വഞ്ചേഴ്സ് ഇന്‍ റ്റൂ വേള്‍ഡ്സ് (1952).

1981 ജനു. 6-ന് സ്വിറ്റ്സര്‍ലണ്ടിലെ ഗ്ലയോണില്‍ ക്രോണിന്‍ അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍